Be strong and of a good courage, fear not, nor be afraid of them: for the LORD thy God, he it is that doth go with thee; he will not fail thee, nor forsake thee.
പാർസിരാജാവായ കോരെശിന്റെ മൂന്നാം ആണ്ടിൽ ബേൽത്ത് ശസ്സർ എന്നു പേരുള്ള ദാനീയേലിന്നു ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവൻ ആ കാര്യം ചിന്തിച്ചു ദർശനത്തിന്നു ശ്രദ്ധവെച്ചു.
ആ കാലത്തു ദാനീയേൽ എന്ന ഞാൻ മൂന്നു ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.
മൂന്നു ആഴ്ചവട്ടം മുഴവനും കഴിയുവോളം ഞാൻ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.
എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,
ശണവസ്ത്രം ധരിച്ചും അരെക്കു ഊഫാസ് തങ്കംകൊണ്ടുള്ള കച്ച കെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.
അവന്റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽ പ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്റെ വർണ്ണംപോലെയും അവന്റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്റെ ആരവംപോലെയും ആയിരുന്നു.
ദാനീയേൽ എന്ന ഞാൻ മാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകൾ ദർശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവർക്കു പിടിച്ചിട്ടു അവർ ഓടിയൊളിച്ചു.
അങ്ങനെ ഞാൻ തനിച്ചു ശേഷിച്ചിരുന്നു ഈ മഹാദർശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്കു ഒട്ടും ബലം ഇല്ലാതെയും ആയി.
എന്നാൽ ഞാൻ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോൾ ഞാൻ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.
എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളങ്കയ്യും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.
അവൻ എന്നോടു: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിർന്നുനിൽക്ക; ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവൻ ഈ വാക്കു എന്നോടു സംസാരിച്ചപ്പോൾ ഞാൻ വിറെച്ചുകൊണ്ടു നിവിർന്നുനിന്നു.
അവൻ എന്നോടു പറഞ്ഞതു: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാൻ വന്നിരിക്കുന്നു.
പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോടു എതിർത്തുനിന്നു; എങ്കിലും പ്രധാന പ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു,
നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോൾ വന്നിരിക്കുന്നു; ദർശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.
അവൻ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോൾ ഞാൻ മുഖം കുനിച്ചു ഊമനായ്തീർന്നു.
അപ്പോൾ മനുഷ്യരോടു സദൃശനായ ഒരുത്തൻ എന്റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാൻ വായ്തുറന്നു സംസാരിച്ചു; എന്റെ മുമ്പിൽ നിന്നവനോടു: യജമാനനേ, ഈ ദർശനംനിമിത്തം എനിക്കു അതി വേദന പിടിപെട്ടു ശക്തിയില്ലാതായിരിക്കുന്നു.
അടിയന്നു യജമാനനോടു സംസാരിപ്പാൻ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.
അപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ളവൻ പിന്നെയും വന്നു എന്നെ തൊട്ടു ബലപ്പെടുത്തി:
ഏറ്റവും പ്രിയപുരുഷാ, ഭിയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവൻ എന്നോടു സംസാരിച്ചപ്പോൾ ഞാൻ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
അതിന്നു അവൻ എന്നോടു പറഞ്ഞതു: ഞാൻ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്തിനെന്നു നീ അറിയുന്നുവോ? ഞാൻ ഇപ്പോൾ പാർസിപ്രഭുവിനോടു യുദ്ധംചെയ്വാൻ മടങ്ങിപ്പോകും; ഞാൻ പുറപ്പെട്ട ശേഷമോ, യവന പ്രഭു വരും.
എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതു ഞാൻ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറെച്ചുനില്ക്കുന്നവൻ ആരും ഇല്ല.